Tuesday, April 2, 2013

വിവാഹം ലൈംഗികം ഇസ്ലാമില്‍

തന്റെ സൃഷ്ടിയായ മനുഷ്യന് ദൈവം നല്‍കിയ ഒരനുഗ്രഹമത്രേ വിവാഹം. സ്ത്രീ പുരുഷന്മാര്‍ക്ക് പ്രത്യുല്പാദന ശേഷിയുടെ പ്രായമെത്തിയാല്‍ അവരുടെ ശരീരഘടനയില്‍ പ്രകടമായ മാറ്റം വരുന്നു. സ്ത്രീകളുടെ ശരീരത്തിനു അവാച്യമായ സൗന്ദര്യം ഉളവാകുന്നു. നടപ്പിലും ഇരിപ്പിലും സംസാരത്തിലും അത് പ്രകടിപ്പിക്കാന്‍ അവള്‍ താല്പര്യപ്പെടുന്നു. ഗര്‍ഭധാരണത്തിന് സന്നദ്ധയാണെന്നറിയിച്ചു കൊണ്ടവള്‍ ഋതുമതിയാകുന്നു. കുഞ്ഞിനു മുലപ്പാല്‍ നല്‍കാന്‍ ഒരുക്കമാണ് എന്നറിയിച്ചുകൊണ്ട് അവളുടെ സ്തനങ്ങള്‍ക്ക്‌ വലിപ്പമുണ്ടാവുന്നു. പുരുഷന്‍റെ സാമീപ്യം അവള്‍ ഇഷ്ടപ്പെടുന്നു. പുരുഷന്‍റെ സ്ഥിതിയും മറിച്ചല്ല. അവനില്‍ പാരുഷ്യവും കരുത്തുംപ്രകടമാകുന്നു. ഒരു ഇണയെ വാരിപ്പുണരാനുള്ള മോഹം അവനില്‍ ജനിക്കുന്നു.

ഇത്തരം ബാഹ്യ പ്രകടനങ്ങളും ആന്തരിക പ്രചോദനവും ഉണ്ടാകുമ്പോള്‍ നിയമവിധേയമല്ലാത്ത ബന്ധങ്ങളോ ഇണചേരലുകളോ ഉണ്ടാവാന്‍ പാടില്ല. അതിനായി നിയമാനുസൃതമായ വിവാഹം ചെയ്യാന്‍ മനുഷ്യരോട് അല്ലാഹു അനുശാസിച്ചു. ”അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രവും നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവുമാകുന്നു”(2:187)
“യുവ സമൂഹമേ നിങ്ങളില്‍ ദാമ്പത്യത്തിന്‍റെ ബാധ്യതകള്‍ നിറവേറ്റാന്‍ കഴിവുള്ളവര്‍ വിവാഹം ചെയ്യുക. ദൃഷ്ടികള്‍ താഴ്ത്തുന്നതിനും ഗുഹ്യസ്താനങ്ങള്‍ സൂക്ഷിക്കുന്നതിനും അതാണ്‌ അഭിലഷണീയം. അതിനു സാധ്യമല്ലാത്തവന്‍ വ്രതമനുഷ്ടിക്കട്ടെ അതാണ് അവനു സൂക്ഷ്മതക്കുള്ള മാര്‍ഗം”(ബുഖാരി,മുസ്ലിം)എന്ന നബിവചനവും വിവാഹത്തിന്‍റെ പ്രധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.
വിവാഹംചെയ്തു പുത്രകളത്രാതികളോടുകൂടി വസിക്കുകയെന്നതാണ് മനുഷ്യന്‍ സ്വീകരിക്കേണ്ടത്. എന്നാല്‍ ഈ പ്രകൃതിക്ക് വിരുദ്ധം നില്‍ക്കുന്ന രണ്ടു കൂട്ടരുണ്ട്. ഒരുകൂട്ടര്‍ ബ്രഹ്മചാരികളാണ്. അവര്‍ വിവാഹം ചെയ്യില്ല. ലൈംഗികമായ വാക്കും പ്രവര്‍ത്തിയും ചിന്തയും കുറ്റവും പാപവുമാനെന്നും അതിനാല്‍ അത് വ൪ജിക്കണമെന്നും ബ്രഹ്മച്ചര്യയുടെ വക്താക്കള്‍ പറയുന്നു. ലോക ജനത മുഴുവന്‍ ഈ മാര്‍ഗം സ്വീകരികച്ച് ആത്മീയ ഉന്നതിക്ക് ശ്രമിച്ചാല്‍ മനുഷ്യ വംശം മുടിയുമെന്ന ലളിത തത്വം അത്തരം നേതാക്കള്‍ ചിന്തിച്ചില്ല. ഈ ചിന്തയെ ശക്തിയുക്തം മതപണ്ഡിതരും തത്വചിന്തകരും കാലാകാലങ്ങളില്‍ എതിര്‍ത്തിട്ടുണ്ട്.
വിവാഹം ചെയ്യാതെ വ്യഭിചാരികളായി മൃഗതുല്യം ജീവിതം നയിക്കുന്ന പ്രവണതയാണ് മറ്റൊന്ന്. ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണിത്. ലൈംഗികവേഴ്ച നടത്തണം. പക്ഷെ ഭാര്യയുടെയോ സന്തനങ്ങളുടെയോ സംരക്ഷണ ബാധയ ഏറ്റെടുക്കാന്‍ അവര്‍തയ്യാറല്ല. ഇത്തരക്കാര്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സാമൂഹിക സംസ്കാരിക രംഗത്ത്‌ വളരെയേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നിരവധി ബാലികമാര്‍ വിവാഹിതരാകാതെ ഗര്‍ഭിണികളായി. എത്രയോ കുഞ്ഞുങ്ങള്‍ പിതാക്കള്‍ ആരാണെന്നറിയാതെ തെരുവുകളില്‍ സംരക്ഷകരില്ലാതെ അലഞ്ഞു. വ്യഭിചാരികള്‍ -ആണും പെണ്ണും മാരക രോഗങ്ങള്‍ക്കടിമപ്പെട്ടു,
പിറക്കുന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ പിതാവ് എന്ന് വിളിക്കുന്ന ഒരാള്‍ വേണം. വിവാഹത്തിന്‍റെ ആവശ്യകത എന്ത് എന്ന ചോദ്യത്തിനു ഇതുകൂടി മറുപടിയാണ് . സമൂഹത്തില്‍ പിറക്കുന്ന ഓരോ കുഞ്ഞിനും പിതാവുണ്ടാകണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. അതിനത്രേ വിവാഹം. ദേഹത്തിനനുഭവപ്പെടുന്ന ലൈംഗികദാഹം സ്ത്രീപുരുഷ ബന്ധത്തിലൂടെ പരിഹരിക്കപ്പെടുന്നു. ലൈംഗിക ദാഹത്തിനപ്പുറത്ത് മറ്റെന്തോ സംതൃപ്തി മനുഷ്യന്‍ ആഗ്രഹിക്കുന്നു. സമാധാനവും ആശ്വാസവും മനുഷ്യന്‍ കൊതിക്കുന്നു ഇവിടെയാണ്‌ വിവാഹത്തിന്‍റെ പ്രസക്തി. കേവലം ലൈംഗിക വികാരത്തിന്‍റപൂ൪ത്തീകരണത്തിനല്ല വിവാഹം. വൈകാരിക സാഫല്യത്തോടൊപ്പം തന്നെ വര്‍ണ്നാതീതമായ സംതൃപ്തിയും ദമ്പതിമാര്‍ കണ്ടെത്തുന്നു. ഈ സംതൃപ്തിക്ക് യുവത്വതിലെ സൗന്ദര്യത്തിനും കരുത്തിനുമപ്പുറം പ്രാധാന്യമുണ്ട്. വൃദ്ധരായ ദമ്പതികള്‍ പോലും ഈ സുംതൃപ്തിയുടെ പാരസ്പര്യം അനുഭവിക്കുന്നതും ഇതുകൊണ്ടാണ്. അവരിലാര്‍ക്കെങ്കിലും മൃത്യു സംഭവിച്ചാല്‍ അമൂല്യമായതെന്തോ നഷ്ടപ്പെട്ടുവെന്നു തോന്നുകയും വിരഹദു:ഖംഅനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹംഎന്തിനെന്ന ചോദ്യത്തിനു പ്രസക്തമായ മറുപടി ഈ ഖുര്‍ആന്‍ വചനം നമുക്ക് നല്‍കുന്നു .”നിങ്ങള്‍ക്ക് സമാധാന പൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌”.(30:21)
ഒരുത്തമകുടുംബത്തിന്‍റെതുടക്കം ഇവിടെയാണ്‌. പരസ്പരം സ്നേഹിക്കുന്ന ഭാര്യഭാ൪ത്താക്കള്‍, വാത്സല്യത്തോടെ വളര്‍ത്തപ്പെടുന്ന സന്തതികള്‍, പടച്ചവന്റെ അനുഗ്രഹങ്ങള്‍ക്ക് അവനു നന്ദി കാണിച്ചുകൊണ്ടുള്ള ജീവിതം.
അല്ലാഹു പറയുന്നു “അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്ക്ക് പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും വിശിഷ്ട വസ്തുക്കളില്‍ നിന്നും നിങ്ങള്‍ക്ക് അവന്‍ ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവിന്‍റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്”? (16.72)
വിവാഹത്തിന്‍റെ ആവശ്യങ്ങളും ലക്ഷ്യങ്ങളും നാം ഗ്രഹിച്ചുകഴിഞ്ഞു. ഈ ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായവിധത്തില്‍ നിറവേറ്റാന്‍ കഴിയും വിധമായിരിക്കണം ദമ്പതിമാരെ കണ്ടെത്തേണ്ടത്‌. കുടുംബത്തിന്‍റെ നായകനാണ് പുരുഷന്‍. സാമ്പത്തിക ബാധ്യത ഏല്‍ക്കെണ്ടവനും സാംസ്കാരിക നേതൃത്വം നല്‍കേണ്ടവനും പ്രശ്നങ്ങളുണ്ടാവുമ്പോള്‍ പരിഹരിക്കേണ്ടവനും അവന്‍ തന്നെ. അതിനാല്‍ വരനെ തേടുമ്പോള്‍ ഇതിനൊക്കെ പ്രാപ്തനാണോ എന്ന് അന്വേഷിച്ചു ഉറപ്പുവരുത്തെണ്ടതാണ്. മതനിഷ്ഠ തീരെയില്ലാത്ത ദു:സ്വഭാവികളായ ചെറുപ്പക്കാര്‍ക്ക് അവര്‍ സമ്പന്നരാണെന്ന കാരണത്താല്‍ മക്കളെ വിവാഹം ചെയ്തുകൊടുക്കുന്നത് ശരിയല്ല. മതനിഷ്ടയും ജീവിതനിഷ്ടയുമുള്ള ഭക്തന്മാര്‍ക്ക് അവര്‍ സമ്പന്നരല്ല എന്ന കാരണത്താല്‍ വിവാഹം ചെയ്തു കൊടുക്കാതിരിക്കുന്നതും ശരിയല്ല. ”അവര്‍ സമ്പന്നരല്ലെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവരെ സമ്പന്നരാക്കും ”എന്ന പ്രസ്താവം സമുദായം മുഖവിലക്കെടുക്കണം.
വിവാഹിതയാകേണ്ടവള്‍ക്ക് പ്രവാചകന്‍ നിശ്ചയിച്ച യോഗ്യതകള്‍ക്ക് ആധുനിക മുസ്ലിം സമൂഹം ഒരു പരിഗണനയും നല്‍കുന്നില്ല. വധുവിന്‍റെ കുടുംബസ്വത്തിലാണ് കണ്ണ്. അവളെ വിവാഹം ചെയ്‌താല്‍ എത്ര ധനം ലഭിക്കും? എത്ര പവന്‍ സ്വര്‍ണ്ണം ലഭിക്കും എന്നൊക്കെയാണ് ചിന്തിക്കാറുള്ളത്. വിദ്യാസമ്പന്നരായ എത്രെയോ പെണ്‍കുട്ടികള്‍ പണവും സ്വര്‍ണ്ണവും നല്‍കാനില്ലെന്ന കാരണത്താല്‍ വീടുകളുടെ അകത്തളങ്ങളില്‍ കണ്ണീരൊഴുക്കി കഴിയുന്നു. അവരുടെ നേര്‍ത്ത രോദനം കേള്‍ക്കാനിന്നു സമൂഹത്തിലാളില്ല.
പുരുഷന്‍റെ ഭാഗത്തുനിന്നു സ്ത്രീയെ വിവാഹം അന്വേഷിക്കുകയെന്നതാണ് ഇസ്ലാമികരീതി. വിവാഹാലോചന നടത്തുമ്പോള്‍ സ്ത്രീയെ പുരുഷന്‍ കാണണം. പെണ്ണ് കാണലിന്‍റെ പേരില്‍ ചില തെറ്റായ സമ്പ്രദായങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. പെണ്ണ് കാണാന്‍ വരന്‍റെ സ്നേഹിതന്മാരുടെ ഒരു പടതന്നെ പെണ്ണിന്‍റെ വീട്ടിലെത്തുക, സ്നേഹിതന്മാര്‍ മുഴുവന്‍ പെണ്ണിനെ കാണുക, വ൪ണ്ണനകള്‍ പെരുപ്പിച്ചു സത്യമെന്തെന്ന് വേര്‍തിരിച്ചറിയാന്‍ അവസരം നിഷേധിക്കുക, സ്ത്രീകള്‍ സന്ദര്‍ശിച്ചു വളയും മോതിരവും ഇടുക, അതുണ്ടായിട്ടില്ലെങ്കില്‍ പിശുക്കരെന്നു മുദ്രകുത്തുക തുടങ്ങിയ ദുരാചാരങ്ങളൊന്നും മതപരമല്ല. വിവാഹാലോചന സമയത്തും പെണ്ണ് കാണുമ്പോഴും കുറവുകള്‍ തുറന്നു പറയേണ്ടതാണ്. ഒരു സ്ത്രീയെ വിവാഹം ചെയ്യേണ്ടത് അവളുടെ രക്ഷാധികാരിയുടെ സമ്മതത്തോടെയാണ്. എന്നാല്‍ തന്‍റെ കീഴിലുള്ളവളെ അവളുടെ സമ്മതം കൂടാതെയോ അവളുമായി ചര്‍ച്ച ചെയ്യാതെയോ താനിഷ്ടപ്പെട്ടവര്‍ക്ക് വിവാഹംചെയ്തു കൊടുക്കാന്‍ രക്ഷാധികാരിക്ക് അധികാരമില്ല.
വിവാഹസമയത്ത് ദമ്പതിമാര്‍ പരസ്പരം സ്വത്തോവസ്തുവോ പണമോ കൈമാറുന്ന സമ്പ്രദായം സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് തന്നെ നിലനില്‍ക്കുന്നു. എന്നാല്‍ പുരുഷന്‍ അവന്‍റെ ധനം ചിലവഴിച്ചു വിവാഹം ചെയ്യണമെന്നാണ് ഇസ്ലാമിന്‍റെ വിധി. “സ്ത്രീകള്‍ക്ക് അവരുടെ വിവാഹ മൂല്യങ്ങള്‍ മനസംതൃപ്തിയോടെ നിങ്ങള്‍ നല്‍കുക. ഇനി അതില്‍നിന്നും സന്മാനസ്സോടെ അവര്‍ വിട്ടുതരുന്നപക്ഷം നിങ്ങളത് സന്തോഷപൂര്‍വ്വം ഭക്ഷിച്ചു കൊള്ളുക”. (4 .4 )

ഇവിടെ നിന്നുള്ള  മുഹമ്മദ്‌ കുഞ്ഞി ബി എ എന്ന പേരുള്ള ഒരാളുടെ കമന്റ് ആണ്. പ്രസക്തമെന്നു തോന്നിയതിനാല്‍ ഇവിടെ കൊണ്ടിട്ടു എന്ന് മാത്രം.

No comments:

Post a Comment